കൊച്ചി: ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്ന കപ്പലിലെ
തൊഴിലാളികളുടെ പണിമുടക്കിന്‍റെ പേരില്‍ യാത്രക്കാര്‍ക്ക്
ബുദ്ധിമുട്ടുണ്ടാകരുതെന്ന് ഹൈകോടതി. യാത്ര മുടങ്ങരുത്. തടസ്സമില്ലാത്ത
യാത്ര കരാറുകാര്‍ ഉറപ്പാക്കണമെന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍,
ജസ്റ്റിസ് എ. എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.
കപ്പല്‍ യാത്രക്ക് തടസ്സം നില്‍ക്കില്ലെന്ന് സമരം ചെയ്യുന്ന ജീവനക്കാര്‍
കോടതിക്ക് നല്‍കിയ ഉറപ്പ് രേഖപ്പെടുത്തുക കൂടി ചെയ്താണ് ഡിവിഷന്‍
ബെഞ്ചിന്‍െറ നിര്‍ദേശം.
കേരളത്തില്‍ നിന്ന് ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തുന്ന 24 കപ്പലുകളിലെ
ജീവനക്കാര്‍ ഒക്ടോബര്‍ 15 മുതല്‍ വേതന പരിഷ്കരണം ആവശ്യപ്പെട്ട് പണിമുടക്ക്
നടത്തുന്നത് ദിവസങ്ങളായി യാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
യാത്രക്കാര്‍ കരയില്‍ കുടുങ്ങിയിരിക്കുകയാണ്. ലക്ഷദ്വീപ് ഡെവലപ്മെന്‍റ്
കോര്‍പറേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.
ബലിപെരുന്നാള്‍, പൂജ അവധികള്‍ തുടരെ വന്നിരിക്കുന്നതിനാല്‍ യാത്രക്കാരുടെ
എണ്ണം ഏറെ കൂടുതലാണ്. ഈ ഘട്ടത്തില്‍ യാത്രക്ക് തടസ്സമുണ്ടാക്കരുതെന്നാണ്
കോടതി നിര്‍ദേശം.
No comments:
Post a Comment