ന്യൂഡല്‍ഹി: വിലക്കയറ്റംകൊണ്ട് സാധാരണക്കാരുടെ ജീവിതം പൊറുതിമുട്ടുന്നതിനിടെ പെട്രോള്‍ വില കുത്തനെ കൂട്ടി. എണ്ണക്കമ്പനികള്‍ ലിറ്ററിന് 6.28 രൂപയാണ് കൂട്ടിയത്. എന്നാല്‍ വിവിധസംസ്ഥാനങ്ങളില്‍ വില്പനനികുതിയും മൂല്യവര്‍ധിത നികുതിയും ഉള്‍പ്പെടെ വില ലിറ്ററിന് 7.50 രൂപ മുതല്‍ എട്ടു രൂപവരെ വര്‍ധിക്കും.
ഒറ്റയടിക്ക് വില ഇത്രയേറെ കൂട്ടുന്നത് ആദ്യമായാണ്. പുതുക്കിയ നിരക്ക് ബുധനാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. വിവിധ സംസ്ഥാനങ്ങളിലെ വിലയിലുണ്ടാകുന്ന നേരിയ അന്തരം കണക്കിലെടുക്കുമ്പോള്‍ ദേശീയതലത്തില്‍ ശരാശരി വര്‍ധന ഏഴര രൂപയാണ്.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുകയും ഡോളറുമായുള്ള ഇന്ത്യന്‍ രൂപയുടെ വില ഇടിയുകയും ചെയ്ത പശ്ചാത്തലത്തില്‍ പെട്രോള്‍ വില കൂട്ടുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ ഒറ്റയടിക്ക് ഏഴര രൂപ കൂട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഡീസലിന്റെ വില കൂട്ടാനുള്ള നിര്‍ദേശവും എണ്ണക്കമ്പനികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച തീരുമാനം ഉടനെ ഉണ്ടാകും.
യു.പി.എ.സര്‍ക്കാര്‍ ചൊവ്വാഴ്ച മൂന്നാംവാര്‍ഷികം ആഘോഷിക്കുകയും പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അവസാനിക്കുകയും ചെയ്തതിന് പിന്നാലെയാണ് പെട്രോള്‍ വില കൂട്ടിയത്. വിലവര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രതിഷേധിച്ചു. യു.പി.എ. സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍പ്പുമായി രംഗത്തിറങ്ങിയിട്ടുണ്ട്. അന്യായവും ഏകപക്ഷീയവുമാണ് വിലവര്‍ധനയെന്ന് മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. തങ്ങളുടെ അറിവില്ലാതെയാണ് ഈ തീരുമാനം -മമത പറഞ്ഞു. യു.പി.എ.യ്ക്ക് അകത്തുനിന്ന്ഇതിനെതിരെ പോരാടും. ഡി.എം.കെ.യും സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധമറിയിച്ചു. കഴിഞ്ഞദിവസത്തെ ആഘോഷപരിപാടിയില്‍ എസ്.പി. നേതാവ് മുലായം സിങ് യാദവ് പങ്കെടുത്തതിന്റെയും പിന്തുണ ഉറപ്പു നല്‍കിയതിന്റെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പെട്രോള്‍ നിരക്ക് ഇത്രയും കൂട്ടിയതെന്ന് ബി.ജെ.പി. കുറ്റപ്പെടുത്തി. ഇടതുപാര്‍ട്ടികളും വിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. 'ജനങ്ങള്‍ക്കുള്ള പ്രഹരം' എന്ന് ഇരുകൂട്ടരും കുറ്റപ്പെടുത്തി.
കഴിഞ്ഞ നവംബറിലാണ് പെട്രോള്‍വില അവസാനമായി കൂട്ടിയത്. അതിനുശേഷം വീണ്ടും വില കൂട്ടാന്‍ എണ്ണക്കമ്പനികളുടെ സമ്മര്‍ദമുണ്ടായെങ്കിലും ഉത്തര്‍പ്രദേശിലേയും മറ്റും നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തീരുമാനം നീട്ടുകയായിരുന്നു. പെട്രോളിന് മേലുള്ള സര്‍ക്കാര്‍ വിലനിയന്ത്രണം 2010 ജൂണിലാണ് എടുത്തുകളഞ്ഞത്. വിലനിയന്ത്രണം നീക്കിയെങ്കിലും വന്‍തോതില്‍ വില കൂട്ടാന്‍ അന്തിമാനുമതി നല്‍കുന്നത് രാഷ്ട്രീയനേതൃത്വമാണ്.
രൂപയുടെ വില ഇടിഞ്ഞതോടെ എണ്ണക്കമ്പനികള്‍ വന്‍ നഷ്ടത്തിലാണെന്ന് പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞു. രൂപയുടെ മൂല്യം കുറയുന്നതു കാരണം എണ്ണക്കമ്പനികള്‍ക്കുണ്ടാവുന്ന വാര്‍ഷികനഷ്ടം സഹസ്രകോടികളാണ്. കഴിഞ്ഞകൊല്ലം രൂപയുടെ മൂല്യം 46 ആയിരുന്നത് ഇപ്പോള്‍ 56 ആയി ഇടിഞ്ഞു. അതനുസരിച്ച് ഈ വര്‍ഷം 72,000 കോടി രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികള്‍ക്ക് ഉണ്ടാവുക. നഷ്ടം നികത്താന്‍ വില കൂട്ടുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് എട്ടു രൂപ നഷ്ടം സംഭവിക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.എസ്. ബുട്ടോള പറഞ്ഞു.
നാലു വന്‍നഗരങ്ങളിലെ ഒരു ലിറ്റര്‍ പെട്രോളിന്റെ പുതിയ നിരക്ക് ഇപ്രകാരമാണ്. പഴയ നിരക്ക് ബ്രാക്കറ്റില്‍. ഡല്‍ഹി 73.18 രൂപ(65.64 രൂപ . വര്‍ധന 7.54 രൂപ). ചെന്നൈ 77.53 രൂപ(69.55 രൂപ. വര്‍ധന 7.98 രൂപ). മുംബൈ 77.53 രൂപ(69.55 രൂപ. വര്‍ധന 7.91 രൂപ). കൊല്‍ക്കത്ത 77.88 രൂപ(70.03 രൂപ. വര്‍ധന 7.85 രൂപ).
No comments:
Post a Comment