കാലിഫോര്‍ണിയ: എയിഡ്‌സിന് കാരണമായ എച്ച്.ഐ.വി വൈറസിനെ കൊല്ലുന്ന പ്രത്യേക വൈറസിനെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു വിഭാഗം ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. എച്ച്. ഐ.വി ബാധിച്ച കോശങ്ങളിലേക്ക് ഈ വൈറല്‍ വെക്ടറുകളെ(ജനിതക വസ്തുക്കള്‍ കോശങ്ങളിലേക്ക് കുത്തിവെക്കാനുപയോഗിക്കുന്ന ജൈവ ഉപകരണം) കുത്തിവെച്ച് വൈറസിനെ ഇല്ലാതാക്കാനാകുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ഡോ. പിന്‍ വാങ് പറഞ്ഞു. ശരീരത്തില്‍ എച്ച്.ഐ.വി ബാധിച്ച കോശങ്ങളിലേക്കെല്ലാം ഇങ്ങനെ വൈറസിനെ കുത്തിവെച്ചാല്‍ ഒരു പരിധിവരെ രോഗത്തെ ഇല്ലാതാക്കാനാകുമെന്ന് അദ്ദേഹം പറയുന്നു. 'സൂയിസൈഡ് ജീന്‍ തെറാപ്പി' എന്നാണ് ഇങ്ങനെ കുത്തിവെച്ച് എച്ച്.ഐ.വി വൈറസിനെ കൊല്ലുന്നതിന് പറയുക. പരീക്ഷണശാലയിലെ കള്‍ച്ചര്‍ ഡിഷില്‍ വൈറസിനെ നിരീക്ഷണ വിധേയമാക്കിയപ്പോള്‍ അവ 35ശതമാനം എച്ച്.ഐ.വി ബാധിത കേശങ്ങളെയും നശിപ്പിക്കുന്നതായി കണ്ടെത്തി. ഭാവിയില്‍ മരുന്നുകളില്‍ പരീക്ഷിച്ച് ശരീരത്തിലെ മൊത്തം എച്ച്.ഐ.വി ബാധിത കോശങ്ങളെയും ഇത്തരത്തില്‍ നശിപ്പിക്കാനാവുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ എയ്ഡ്‌സ് പ്രതിരോധ ചികില്‍സയില്‍ അതൊരു കുതിച്ചു ചാട്ടം തന്നൊയായിരിക്കും. പരീക്ഷണം അതിന്റെ ആദ്യ ഘട്ടത്തിലാണെന്ന് ഡോ. പിന്‍ വാങ് പറഞ്ഞു. ഇനി ഇത് എലകളില്‍ പരീക്ഷിക്കാനാണ് സഘത്തിന്റെ നീക്കം. ഗവേഷണത്തിന്റെ പൂര്‍ണ വിവരങ്ങള്‍ 'വൈറസ് റിസേര്‍ച്ച് മാഗസിന്‍' പുറത്തുവിട്ടിട്ടുണ്ട്.
No comments:
Post a Comment