ഇരുപത്തൊന്നാം നൂറ്റാണ്ടിലെ രണ്ടാം ദശകത്തിലേക്ക് സപ്താശ്വങ്ങളെപ്പൂട്ടിയ രഥത്തിലൂടെ പകലോന്റെ വിരുന്നെഴുന്നുള്ളിപ്പിന് പുതിയ പ്രഭാതം സാക്ഷിയാകുന്നു. നേട്ടങ്ങളും കോട്ടങ്ങളും തുലാസിലിട്ട് നോക്കുമ്പോള്‍ ചലനം നിലക്കാതെ ഇടം വലം ചാടുന്ന തുലാസിലെ നാരായ സൂചി. ഒരു വര്‍ഷത്തിന്റെ ധൃതഗമനത്തിനിടയില്‍ നന്മയും തിന്മയും ആനന്ദിപ്പിക്കുന്നതും വ്യസനിപ്പിക്കുന്നതുമായ ഒട്ടേറെ ദിനങ്ങള്‍ സംഭവബഹുലമായിത്തന്നെ കടന്നു പോയി. എല്ലാം പെട്ടന്നായിരുന്നു. കലണ്ടര്‍ താളുകള്‍ അതി വേഗം മറിഞ്ഞതു പോലെ. നഷ്ടസ്വര്‍ഗങ്ങളെപ്പറ്റി ഖേദിച്ചിരിക്കാനുള്ള സമയമല്ലല്ലോ ഇത്. ഓരോ പുതുവര്‍ഷവും പുതിയ പുതിയ പ്രതീക്ഷകള്‍ അങ്കുരിപ്പിച്ചു കൊണ്ടാണ് കടന്നു വരുന്നത്. പോയാണ്ടില്‍ നേടാനാകാത്തവ ഇവിടെ നമുക്കു നേടാന്‍ കഴിയണം. അതിനു വേണ്ടി പുതുവര്‍ഷത്തിന്റെ പുതുമോടിയില്‍ പ്രതീക്ഷകള്‍ക്കും ആഗ്രഹങ്ങള്‍ക്കും ബലമേകി നമുക്ക് 'പുതുവര്‍ഷപ്രതിജ്ഞകള്‍' എടുക്കാം.പ്രതിസന്ധികളെ പുഷ്പസമാനമായി നേരിടുന്നതിനും നേട്ടങ്ങള്‍ കരഗതമാക്കുന്നതിനും ഈ പുതുവര്‍ഷം നിങ്ങളെ സഹായിക്കട്ടെ. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമടക്കം ഒപ്പം നില്‍ക്കുന്നവര്‍ക്കെപ്പോഴും വെളിച്ചമേകാന്‍ നിങ്ങളുടെ സാന്നിധ്യം കൊണ്ട് സാധിക്കട്ടെ. അതുവഴി ഐശ്വര്യസമ്പല്‍സമൃദ്ധ്യാനന്ദകമായ ഒരു ജീവിതം കൈവരട്ടെയെന്നും ഞങ്ങള്‍ ആശംസിക്കുന്നു.
No comments:
Post a Comment